Wednesday, 22 August 2012


                                      ലയം

                      
              ഒരിക്കലും അളക്കാന്‍ കഴിയാത്ത
              നിന്റെ സ്നേഹത്തിന്റെ ആഴിയില്‍
              എത്രമേല്‍ കുടിച്ചിട്ടും ദാഹം തീരാതെ
              എന്നേക്കുമായി ഞാന്‍ മുങ്ങിത്താഴുന്നു

              വേലികളോരോന്നായ് നമ്മള്‍ പൊളിച്ചു മാറ്റുന്നു
              കാവ്യങ്ങളില്‍ പുതു മാനങ്ങള്‍ തേടുന്നു
              ബന്ധങ്ങളില്‍ അനിര്‍വചനീയത പിറക്കുന്നു
              നമ്മള്‍ നേര്‍ത്തുനേര്‍ത്തില്ലാതാവുന്നു 

              സാന്ദ്രഭാവങ്ങളില്‍ നിന്നുയിര്‍കൊള്ളും നിന്‍ കണ്ണുനീര്‍ 
              എത്ര കുടിച്ചിട്ടും എന്‍ ദാഹം ബാക്കിയാവുന്നു
              എത്ര കുടിച്ചാലും വറ്റില്ല  നിന്‍  സ്നേഹം
              എത്ര കുടിച്ചാലും തീരില്ല എന്‍ ദാഹം   
                                                                                                  
                                                000                                                       
                                                                                                                                     11.10.2000
                                                                                                   

Friday, 17 August 2012

short story

                             എന്തിനോ വിടരുന്ന പൂക്കള്‍

     എത്ര നേരമായി ഒരു തൂണ് പോലെ  ഇവിടെ നില്ക്കാന്‍  തുടങ്ങിയിട്ട്! തന്റെ  മാറ്റമോര്‍ത്ത്  അരുന്ധതി മനസ്സില്‍  ചിരിച്ചു.പണ്ടൊക്കെ തനിക്ക് ഏറ്റവും അസഹ്യമായിരുന്നു   കാത്തിരിക്കുക  എന്നത് .ഒരു മിനിറ്റ്  പോലും  ഒന്നിന്   വേണ്ടിയും  കാത്തിരിക്കാന്‍  വയ്യായിരുന്നു. അതുകൊണ്ട്  തന്നെയാവണം  എന്തിനും  എവിടേയും  കാത്തിരിക്കേണ്ടി  വന്നിട്ടേ  ഉള്ളൂ; പലതും  സഫലമാവാത്ത കാത്തിരിപ്പുകള്‍ !! മെല്ലെ മെല്ലെ താന്‍ കാത്തിരിപ്പിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെ   അതൊരു സുഖമായി മാറി.
     ബസ്സ്‌ പെട്ടെന്ന്‍ വരാന്‍  അരുന്ധതി ആഗ്രഹിച്ചതേ ഇല്ല. തിരക്ക് കൂട്ടി ഓടുന്ന ആള്‍ക്കാരി ലൂടെ,  വാഹനങ്ങളിലൂടെ, കടവാതിലുകള്‍  ഉറക്കം  നടിച്ചു  തൂങ്ങി  കിടക്കുന്ന ആല്‍മ രത്തിലൂടെ,  കടകളില്‍   ആകര്‍ ഷകമായ രീതിയില്‍  ക്രമീകരിച്ചു  വച്ചിരിക്കുന്ന  സാധനങ്ങളിലൂടെ..........അങ്ങനെ കണ്ണുകള്‍  സഞ്ചരിച്ചു  കൊണ്ടേയിരുന്നു.  ഐസ്ക്രീം  പാര്‍ലറില്‍  നിന്നും  നിരത്തിലേക്കിറങ്ങിയ  ഒരു സ്ത്രീയും  പുരുഷനും ... അവരില്‍  അരുന്ധതിയുടെ  കണ്ണുകള്‍  ഉടക്കി  നിന്നു.  കത്തിക്കാളുന്ന വെയിലിനെ  അവഗണിച്ച് ന‌ടക്കാനൊ രുങ്ങിയ  അയാളെ  നിവര്‍ത്തിപ്പിടിച്ച  തന്റെ  കുടക്കീഴിലേക്ക്  അവള്‍  നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തി.
     നിരത്ത്  മുറിച്ച് കടന്ന്‍  ബസ്‌ സ്ടാന്‍ഡിലേക്ക്  വരുന്ന  അവരെ  കണ്ടപ്പോള്‍  അരുന്ധതിയുടെ  ഹൃദയം  വല്ലാതെ  പിടച്ചു. അവരുടെ  കണ്ണില്‍  പെടാതിരിക്കാന്‍  അവള്‍ ബസ്‌  സ്ടാന്‍ഡിനെ  താങ്ങി  നിര്‍ത്തുന്ന  തൂണിനു പിന്നിലൊളിച്ചു. അനുസരണയില്ലാത്ത   കുട്ടിയെപ്പോലെ  കണ്ണുകള്‍  അവരിലേക്ക് തന്നെ പാഞ്ഞു.
    വളര്ന്നു നില്‍ക്കുന്ന   മുടി  അലസമായി  മാടിയോതുക്കി  എന്തൊക്കെയോ  സംസാരിച്ചു  കൊണ്ട്   അയാള്‍ .......... അതെ, അതയാള്‍  തന്നെ. അന്നത്തെ അതേ നടത്തവും  നോട്ടവും  ചിരിയും........      പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരത്താല്‍  അവളുടെ ഉടലാകെ വിറപൂണ്ടു.കൂടെയുള്ള  സ്ത്രീ  ആരാണ്?  ഏറെ  സുന്ദരിയല്ലെങ്കിലും  അവളില്‍  എന്തോ  ഒരാകര്‍ഷണീയത   ഉണ്ട്. അത് വരുണിന്റെ ഭാര്യയായിരിക്കുമോ? എന്തിനോ  അരുന്ധതിയുടെ  മനസ്സില്‍  സങ്കടം  നിറഞ്ഞു. വെറുതേ  ആഗ്രഹിച്ചുപോയി  "ആയിരിക്കരുതേ."
     അവളുടെ സീമന്തരേഖയിലൂടെ, കഴുത്തിലൂടെ  കണ്ണോടിച്ച്   അരുന്ധതി നെടുവീര്‍പ്പിട്ടു. എന്തുകൊണ്ടോ  അവള്‍ക്ക്  സമാധാനമാണ്   തോന്നിയത്."അല്ല, അവള്‍  ഭാര്യയല്ല; സംസാരവും  പ്രകൃതവുമൊക്കെ കണ്ടിട്ട് സഹോദരിയുമല്ല. പിന്നെ.........?"
                         അയാള്‍ എന്തോ പറഞ്ഞപ്പോള്‍ അവള്‍ നാണത്തോടെ ചിരിച്ചത് അരുന്ധതിയെ അരിശം കൊള്ളിച്ചു.
"ഇനി അവള്‍ വരുണിന്റെ  കാമുകിയായിരിക്കുമോ ? ഹേയ് ........."അരുന്ധതി സംഘര്‍ഷത്താല്‍  
പിടഞ്ഞു.
                വരുണിന് ഇനിയൊരു കാമുകി.....? അയാള്‍ക്കതിനാവുമോ ? പണത്തിനും  നിറത്തിനും  ജാതിക്കും  ഒക്കെ  അപ്പുറത്താണ്  തന്റെ  സ്നേഹമെന്ന്‍  പറഞ്ഞ്
വര്‍ഷങ്ങളോളം  തന്റെ  പിന്നാലെ   നടന്ന വരുണിന് അതിനാവുമോ? കുടുമ്പത്തെയും  സമൂഹത്തെയും  ഒന്നും  നിഷേധിക്കാന്‍  കഴിയാതിരുന്ന  താന്‍ (അതോ അന്ന്‍ 
അവനോടുള്ള ഇഷ്ടം  തിരിച്ചറിയാഞ്ഞിട്ടോ എന്തോ) ആ സ്നേഹം നിഷേധിച്ചപ്പോള്‍ , ഒരിക്കലും നിന്നെ സ്നേഹിക്കാനാവില്ല എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ ;  "എന്നെങ്കിലും  ....... ഒരു നിമിഷത്തെക്കെങ്കിലും നീ എന്നെ സ്നേഹിക്കും . മരണം വരെ നിന്നെ ഞാന്‍ സ്നേഹിച്ചു 
കൊണ്ടേയിരിക്കും :നിന്നെ മാത്രം ......" എന്ന്‍ പറഞ്ഞ് മഴവില്ല് പോലെ തന്റെ ജീവിതത്തില്‍ നിന്നും എങ്ങോ മാഞ്ഞു പോയ വരുണ്‍.ആ വരുണിന് ഒരു കാമുകിയുണ്ടാവുമോ? ഇന്നും 
തന്റെ നേരെ ഇളം കാറ്റില്‍ ഒഴുകിവരാറുണ്ടെന്ന് താന്‍ അഹങ്കരിച്ചിരുന്ന...ഒരു പക്ഷെ ആശിച്ചിരുന്ന ആ സ്നേഹം വെറും മിഥ്യയായിരുന്നെന്നോ??
             കണ്ണുകള്‍  നിറഞ്ഞ്  കാഴ്ച  മറഞ്ഞു പോവാതിരിക്കാന്‍ അരുന്ധതി പാടു പെട്ടു. ഏതോ വസ്തുവില്‍  ചൂണ്ടി കൂടെയുള്ള സ്ത്രീ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍  വരുണ്‍  അതും  തേടി       പോകുന്നത് അവള് കണ്ടു. ശ്വാസമടക്കിപ്പിടിച്ച്  ഒരു പൂച്ചയെപ്പോലെ അവള്‍ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു.  ഉത്കണ്ഠയോടെ  വരുണിനെത്തന്നെ നോക്കി നില്‍ക്കുന്ന അവളോട് ദേഷ്യം തോന്നിയെങ്കിലും അരുന്ധതി പതിയെ തൊട്ടു വിളിക്കുകയാണ്‌ ചെയ്തത്.
             "നിങ്ങള്‍ വരുണിന്റെ ആരാ?" അരുന്ധതിയുടെ സ്വരത്തില്‍  വിറയല്‍  പടര്‍ന്നിരിന്നു. "ഞാന്‍ " അപരിചിതയായ സ്ത്രീയുടെ ഔചിത്യമില്ലാത്ത  ചോദ്യത്തില്‍  പകച്ചുപോയ അവര്‍  പൊടുന്നനെ നിര്‍ത്തി പിന്നെ തുടര്‍ന്നു. "ഞാന്‍ ശ്വേത ......നിങ്ങളെ മനസ്സിലായില്ല ..."
   അരുന്ധതി  പറഞ്ഞു. "ഞാന്‍....... ഞാന്‍  പ്രീത. വരുണിന്റെ  കൂടെ  ഡിഗ്രിക്ക്  പഠിച്ചതാ .....നിങ്ങള്‍     അവന്റെ  ഭാര്യയാണോ ?"അറിയാതെ തന്നെ അവളുടെ ഉത്‌കണ്ഠ പുറത്ത്   ചാടി
                "അല്ല"  ശ്വേത പറഞ്ഞു.
        "പിന്നെ സഹോദരിയാണോ?"  അരുന്ധതി അവളെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല.
              പക്ഷെ ഒരു മറുചോദ്യമാണ് അരുന്ധതിക്ക് കിട്ടിയത്. "നിങ്ങള്‍ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ചൂന്നല്ലേ പറഞ്ഞത്? അന്ന് നിങ്ങളുടെ ക്ലാസ്സ്‌മേറ്റായിരുന്ന ഒരു അരുന്ധതീനായര്‍ ഇപ്പോള്‍ എവിടെയാണെന്നറിയാമോ?"
               ആ ചോദ്യത്തിന്‍ മറുപടി പറയാനാവാതെ അരുന്ധതി കുഴങ്ങി നിന്നു. ഒരു  നീറ്റലോടെ ഉള്ളില്‍ കിടന്ന്‍ വട്ടം കറങ്ങുന്ന ചോദ്യം ശ്വേതക്ക് മുന്നില്‍ കുടഞ്ഞിടുമ്പോള്‍ തന്റെ ശബ്ദം 
 ഇടറിയത് അരുന്ധതി അറിഞ്ഞു."നിങ്ങള്‍  വരുണിന്റെ...വരുണിന്റെ...കമുകിയാണോ ?  
            ശ്വേതയുടെ മുഖം വര്ണനാതീതമായ  ഒരു ഭാവത്താല്‍  ദീപ്തമായി.   അരുന്ധതിയുടെ കണ്ണുകളില്‍ തറച്ചു നോക്കിക്കൊണ്ട്‌ അവള്‍  പറഞ്ഞു. "അല്ല...അവന്‍  എന്റെ  കാമുകനല്ല , സഹോദരനോ ഭര്‍ത്താവോ  അല്ല; ഒരു  പക്ഷേ   എന്റെ ആരുമല്ല. എന്നാലും അവന്‍ ഏന്റെതാണ്...എന്റെത് മാത്രമാണ്...നിങ്ങള്‍ക്കത്  പറഞ്ഞു തരാന്‍  എനിക്കറിയില്ല.  നിങ്ങള്‍  അരുന്ധതിയെ കാണുകയാണെങ്കില്......" നനഞ്ഞുപോയ  ആ ശബ്ദം പൂര്‍ണമാകുന്നത്തിന്‍ ‍മുമ്പേ  അവര്‍  കണ്ടു. കൈയില്‍   ഒരു  പാക്കറ്റുമായി  ധൃതിയില്‍  നടന്നു വരുന്ന അരുണ്‍...പൊടുന്നനെ  വളവു  തിരിഞ്ഞു  വന്ന  ഒരു  ബസ്സ്‌ .....
           "ടാ...മോനേ ....." എന്ന് വിളിച്ചലറിക്കൊണ്ട്  ഓടിയ  ശ്വേതയുടെ  പിന്നാലെ സ്വയമറിയാതെ  അരുന്ധതിയും കുതിച്ചു.
           ചോരയില്‍  കുളിച്ച  വരുണിന്റെ  ശരീരത്തിനരികില്‍ ശ്വേത കുഴഞ്ഞു വീണു. തന്റെ മടിയിലേക്ക് വരുണിന്റെ തലയെടുത്ത് വച്ച് ശ്വേത പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു. അയാളുടെ പിളര്‍ന്ന ചുണ്ടുകളിലേക്ക് ശ്വേതയുടെ കണ്ണുനീര്‍ ഇറ്റു  വീണപ്പോള്‍  ആ നാക്കൊന്നു ചലിച്ചു. ഒരു   നിമിഷം ഇമകള്‍ തുറന്നടഞ്ഞു. ചുണ്ടുകളില്‍ ഒരിളം ചിരി ബാക്കിയായി...
           ആള്‍ക്കൂട്ടത്തിനു നടുവില്‍ നിര്‍ജ്ജീവമായ വരുണിന്റെ ശിരസും മാറോടടുക്കി പൊട്ടിക്കരയുന്ന ശ്വേതയെ ഒരിക്കല്‍ക്കൂടി നോക്കി അരുന്ധതി തിരിഞ്ഞു നടന്നു. നടക്കുന്നതിനിടയില്‍ തന്റെ സീമന്തരേഖയിലെ സിന്ദൂരപ്പൊട്ട് ഇടം  കൈ  കൊണ്ട്  അരുന്ധതി  മായ്ച്ചു കളഞ്ഞു.  

                                                                     000

ആകാശവാണി കണ്ണൂര്‍ നിലയം 10.08.2006ന് യുവവാണിയില്‍ പ്രക്ഷേപണം ചെയ്ത കഥ