Wednesday, 22 August 2012


                                      ലയം

                      
              ഒരിക്കലും അളക്കാന്‍ കഴിയാത്ത
              നിന്റെ സ്നേഹത്തിന്റെ ആഴിയില്‍
              എത്രമേല്‍ കുടിച്ചിട്ടും ദാഹം തീരാതെ
              എന്നേക്കുമായി ഞാന്‍ മുങ്ങിത്താഴുന്നു

              വേലികളോരോന്നായ് നമ്മള്‍ പൊളിച്ചു മാറ്റുന്നു
              കാവ്യങ്ങളില്‍ പുതു മാനങ്ങള്‍ തേടുന്നു
              ബന്ധങ്ങളില്‍ അനിര്‍വചനീയത പിറക്കുന്നു
              നമ്മള്‍ നേര്‍ത്തുനേര്‍ത്തില്ലാതാവുന്നു 

              സാന്ദ്രഭാവങ്ങളില്‍ നിന്നുയിര്‍കൊള്ളും നിന്‍ കണ്ണുനീര്‍ 
              എത്ര കുടിച്ചിട്ടും എന്‍ ദാഹം ബാക്കിയാവുന്നു
              എത്ര കുടിച്ചാലും വറ്റില്ല  നിന്‍  സ്നേഹം
              എത്ര കുടിച്ചാലും തീരില്ല എന്‍ ദാഹം   
                                                                                                  
                                                000                                                       
                                                                                                                                     11.10.2000
                                                                                                   

Friday, 17 August 2012

short story

                             എന്തിനോ വിടരുന്ന പൂക്കള്‍

     എത്ര നേരമായി ഒരു തൂണ് പോലെ  ഇവിടെ നില്ക്കാന്‍  തുടങ്ങിയിട്ട്! തന്റെ  മാറ്റമോര്‍ത്ത്  അരുന്ധതി മനസ്സില്‍  ചിരിച്ചു.പണ്ടൊക്കെ തനിക്ക് ഏറ്റവും അസഹ്യമായിരുന്നു   കാത്തിരിക്കുക  എന്നത് .ഒരു മിനിറ്റ്  പോലും  ഒന്നിന്   വേണ്ടിയും  കാത്തിരിക്കാന്‍  വയ്യായിരുന്നു. അതുകൊണ്ട്  തന്നെയാവണം  എന്തിനും  എവിടേയും  കാത്തിരിക്കേണ്ടി  വന്നിട്ടേ  ഉള്ളൂ; പലതും  സഫലമാവാത്ത കാത്തിരിപ്പുകള്‍ !! മെല്ലെ മെല്ലെ താന്‍ കാത്തിരിപ്പിനെ ഇഷ്ടപ്പെട്ടു തുടങ്ങി. പിന്നെ   അതൊരു സുഖമായി മാറി.
     ബസ്സ്‌ പെട്ടെന്ന്‍ വരാന്‍  അരുന്ധതി ആഗ്രഹിച്ചതേ ഇല്ല. തിരക്ക് കൂട്ടി ഓടുന്ന ആള്‍ക്കാരി ലൂടെ,  വാഹനങ്ങളിലൂടെ, കടവാതിലുകള്‍  ഉറക്കം  നടിച്ചു  തൂങ്ങി  കിടക്കുന്ന ആല്‍മ രത്തിലൂടെ,  കടകളില്‍   ആകര്‍ ഷകമായ രീതിയില്‍  ക്രമീകരിച്ചു  വച്ചിരിക്കുന്ന  സാധനങ്ങളിലൂടെ..........അങ്ങനെ കണ്ണുകള്‍  സഞ്ചരിച്ചു  കൊണ്ടേയിരുന്നു.  ഐസ്ക്രീം  പാര്‍ലറില്‍  നിന്നും  നിരത്തിലേക്കിറങ്ങിയ  ഒരു സ്ത്രീയും  പുരുഷനും ... അവരില്‍  അരുന്ധതിയുടെ  കണ്ണുകള്‍  ഉടക്കി  നിന്നു.  കത്തിക്കാളുന്ന വെയിലിനെ  അവഗണിച്ച് ന‌ടക്കാനൊ രുങ്ങിയ  അയാളെ  നിവര്‍ത്തിപ്പിടിച്ച  തന്റെ  കുടക്കീഴിലേക്ക്  അവള്‍  നിര്‍ബന്ധപൂര്‍വ്വം ചേര്‍ത്തു നിര്‍ത്തി.
     നിരത്ത്  മുറിച്ച് കടന്ന്‍  ബസ്‌ സ്ടാന്‍ഡിലേക്ക്  വരുന്ന  അവരെ  കണ്ടപ്പോള്‍  അരുന്ധതിയുടെ  ഹൃദയം  വല്ലാതെ  പിടച്ചു. അവരുടെ  കണ്ണില്‍  പെടാതിരിക്കാന്‍  അവള്‍ ബസ്‌  സ്ടാന്‍ഡിനെ  താങ്ങി  നിര്‍ത്തുന്ന  തൂണിനു പിന്നിലൊളിച്ചു. അനുസരണയില്ലാത്ത   കുട്ടിയെപ്പോലെ  കണ്ണുകള്‍  അവരിലേക്ക് തന്നെ പാഞ്ഞു.
    വളര്ന്നു നില്‍ക്കുന്ന   മുടി  അലസമായി  മാടിയോതുക്കി  എന്തൊക്കെയോ  സംസാരിച്ചു  കൊണ്ട്   അയാള്‍ .......... അതെ, അതയാള്‍  തന്നെ. അന്നത്തെ അതേ നടത്തവും  നോട്ടവും  ചിരിയും........      പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരത്താല്‍  അവളുടെ ഉടലാകെ വിറപൂണ്ടു.കൂടെയുള്ള  സ്ത്രീ  ആരാണ്?  ഏറെ  സുന്ദരിയല്ലെങ്കിലും  അവളില്‍  എന്തോ  ഒരാകര്‍ഷണീയത   ഉണ്ട്. അത് വരുണിന്റെ ഭാര്യയായിരിക്കുമോ? എന്തിനോ  അരുന്ധതിയുടെ  മനസ്സില്‍  സങ്കടം  നിറഞ്ഞു. വെറുതേ  ആഗ്രഹിച്ചുപോയി  "ആയിരിക്കരുതേ."
     അവളുടെ സീമന്തരേഖയിലൂടെ, കഴുത്തിലൂടെ  കണ്ണോടിച്ച്   അരുന്ധതി നെടുവീര്‍പ്പിട്ടു. എന്തുകൊണ്ടോ  അവള്‍ക്ക്  സമാധാനമാണ്   തോന്നിയത്."അല്ല, അവള്‍  ഭാര്യയല്ല; സംസാരവും  പ്രകൃതവുമൊക്കെ കണ്ടിട്ട് സഹോദരിയുമല്ല. പിന്നെ.........?"
                         അയാള്‍ എന്തോ പറഞ്ഞപ്പോള്‍ അവള്‍ നാണത്തോടെ ചിരിച്ചത് അരുന്ധതിയെ അരിശം കൊള്ളിച്ചു.
"ഇനി അവള്‍ വരുണിന്റെ  കാമുകിയായിരിക്കുമോ ? ഹേയ് ........."അരുന്ധതി സംഘര്‍ഷത്താല്‍  
പിടഞ്ഞു.
                വരുണിന് ഇനിയൊരു കാമുകി.....? അയാള്‍ക്കതിനാവുമോ ? പണത്തിനും  നിറത്തിനും  ജാതിക്കും  ഒക്കെ  അപ്പുറത്താണ്  തന്റെ  സ്നേഹമെന്ന്‍  പറഞ്ഞ്
വര്‍ഷങ്ങളോളം  തന്റെ  പിന്നാലെ   നടന്ന വരുണിന് അതിനാവുമോ? കുടുമ്പത്തെയും  സമൂഹത്തെയും  ഒന്നും  നിഷേധിക്കാന്‍  കഴിയാതിരുന്ന  താന്‍ (അതോ അന്ന്‍ 
അവനോടുള്ള ഇഷ്ടം  തിരിച്ചറിയാഞ്ഞിട്ടോ എന്തോ) ആ സ്നേഹം നിഷേധിച്ചപ്പോള്‍ , ഒരിക്കലും നിന്നെ സ്നേഹിക്കാനാവില്ല എന്ന് പറഞ്ഞ് തിരിഞ്ഞു നടന്നപ്പോള്‍ ;  "എന്നെങ്കിലും  ....... ഒരു നിമിഷത്തെക്കെങ്കിലും നീ എന്നെ സ്നേഹിക്കും . മരണം വരെ നിന്നെ ഞാന്‍ സ്നേഹിച്ചു 
കൊണ്ടേയിരിക്കും :നിന്നെ മാത്രം ......" എന്ന്‍ പറഞ്ഞ് മഴവില്ല് പോലെ തന്റെ ജീവിതത്തില്‍ നിന്നും എങ്ങോ മാഞ്ഞു പോയ വരുണ്‍.ആ വരുണിന് ഒരു കാമുകിയുണ്ടാവുമോ? ഇന്നും 
തന്റെ നേരെ ഇളം കാറ്റില്‍ ഒഴുകിവരാറുണ്ടെന്ന് താന്‍ അഹങ്കരിച്ചിരുന്ന...ഒരു പക്ഷെ ആശിച്ചിരുന്ന ആ സ്നേഹം വെറും മിഥ്യയായിരുന്നെന്നോ??
             കണ്ണുകള്‍  നിറഞ്ഞ്  കാഴ്ച  മറഞ്ഞു പോവാതിരിക്കാന്‍ അരുന്ധതി പാടു പെട്ടു. ഏതോ വസ്തുവില്‍  ചൂണ്ടി കൂടെയുള്ള സ്ത്രീ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍  വരുണ്‍  അതും  തേടി       പോകുന്നത് അവള് കണ്ടു. ശ്വാസമടക്കിപ്പിടിച്ച്  ഒരു പൂച്ചയെപ്പോലെ അവള്‍ ആ സ്ത്രീയുടെ അടുത്തേക്ക് നടന്നു.  ഉത്കണ്ഠയോടെ  വരുണിനെത്തന്നെ നോക്കി നില്‍ക്കുന്ന അവളോട് ദേഷ്യം തോന്നിയെങ്കിലും അരുന്ധതി പതിയെ തൊട്ടു വിളിക്കുകയാണ്‌ ചെയ്തത്.
             "നിങ്ങള്‍ വരുണിന്റെ ആരാ?" അരുന്ധതിയുടെ സ്വരത്തില്‍  വിറയല്‍  പടര്‍ന്നിരിന്നു. "ഞാന്‍ " അപരിചിതയായ സ്ത്രീയുടെ ഔചിത്യമില്ലാത്ത  ചോദ്യത്തില്‍  പകച്ചുപോയ അവര്‍  പൊടുന്നനെ നിര്‍ത്തി പിന്നെ തുടര്‍ന്നു. "ഞാന്‍ ശ്വേത ......നിങ്ങളെ മനസ്സിലായില്ല ..."
   അരുന്ധതി  പറഞ്ഞു. "ഞാന്‍....... ഞാന്‍  പ്രീത. വരുണിന്റെ  കൂടെ  ഡിഗ്രിക്ക്  പഠിച്ചതാ .....നിങ്ങള്‍     അവന്റെ  ഭാര്യയാണോ ?"അറിയാതെ തന്നെ അവളുടെ ഉത്‌കണ്ഠ പുറത്ത്   ചാടി
                "അല്ല"  ശ്വേത പറഞ്ഞു.
        "പിന്നെ സഹോദരിയാണോ?"  അരുന്ധതി അവളെ വെറുതെ വിടാന്‍ ഒരുക്കമായിരുന്നില്ല.
              പക്ഷെ ഒരു മറുചോദ്യമാണ് അരുന്ധതിക്ക് കിട്ടിയത്. "നിങ്ങള്‍ ഡിഗ്രിക്ക് ഒരുമിച്ചു പഠിച്ചൂന്നല്ലേ പറഞ്ഞത്? അന്ന് നിങ്ങളുടെ ക്ലാസ്സ്‌മേറ്റായിരുന്ന ഒരു അരുന്ധതീനായര്‍ ഇപ്പോള്‍ എവിടെയാണെന്നറിയാമോ?"
               ആ ചോദ്യത്തിന്‍ മറുപടി പറയാനാവാതെ അരുന്ധതി കുഴങ്ങി നിന്നു. ഒരു  നീറ്റലോടെ ഉള്ളില്‍ കിടന്ന്‍ വട്ടം കറങ്ങുന്ന ചോദ്യം ശ്വേതക്ക് മുന്നില്‍ കുടഞ്ഞിടുമ്പോള്‍ തന്റെ ശബ്ദം 
 ഇടറിയത് അരുന്ധതി അറിഞ്ഞു."നിങ്ങള്‍  വരുണിന്റെ...വരുണിന്റെ...കമുകിയാണോ ?  
            ശ്വേതയുടെ മുഖം വര്ണനാതീതമായ  ഒരു ഭാവത്താല്‍  ദീപ്തമായി.   അരുന്ധതിയുടെ കണ്ണുകളില്‍ തറച്ചു നോക്കിക്കൊണ്ട്‌ അവള്‍  പറഞ്ഞു. "അല്ല...അവന്‍  എന്റെ  കാമുകനല്ല , സഹോദരനോ ഭര്‍ത്താവോ  അല്ല; ഒരു  പക്ഷേ   എന്റെ ആരുമല്ല. എന്നാലും അവന്‍ ഏന്റെതാണ്...എന്റെത് മാത്രമാണ്...നിങ്ങള്‍ക്കത്  പറഞ്ഞു തരാന്‍  എനിക്കറിയില്ല.  നിങ്ങള്‍  അരുന്ധതിയെ കാണുകയാണെങ്കില്......" നനഞ്ഞുപോയ  ആ ശബ്ദം പൂര്‍ണമാകുന്നത്തിന്‍ ‍മുമ്പേ  അവര്‍  കണ്ടു. കൈയില്‍   ഒരു  പാക്കറ്റുമായി  ധൃതിയില്‍  നടന്നു വരുന്ന അരുണ്‍...പൊടുന്നനെ  വളവു  തിരിഞ്ഞു  വന്ന  ഒരു  ബസ്സ്‌ .....
           "ടാ...മോനേ ....." എന്ന് വിളിച്ചലറിക്കൊണ്ട്  ഓടിയ  ശ്വേതയുടെ  പിന്നാലെ സ്വയമറിയാതെ  അരുന്ധതിയും കുതിച്ചു.
           ചോരയില്‍  കുളിച്ച  വരുണിന്റെ  ശരീരത്തിനരികില്‍ ശ്വേത കുഴഞ്ഞു വീണു. തന്റെ മടിയിലേക്ക് വരുണിന്റെ തലയെടുത്ത് വച്ച് ശ്വേത പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു. അയാളുടെ പിളര്‍ന്ന ചുണ്ടുകളിലേക്ക് ശ്വേതയുടെ കണ്ണുനീര്‍ ഇറ്റു  വീണപ്പോള്‍  ആ നാക്കൊന്നു ചലിച്ചു. ഒരു   നിമിഷം ഇമകള്‍ തുറന്നടഞ്ഞു. ചുണ്ടുകളില്‍ ഒരിളം ചിരി ബാക്കിയായി...
           ആള്‍ക്കൂട്ടത്തിനു നടുവില്‍ നിര്‍ജ്ജീവമായ വരുണിന്റെ ശിരസും മാറോടടുക്കി പൊട്ടിക്കരയുന്ന ശ്വേതയെ ഒരിക്കല്‍ക്കൂടി നോക്കി അരുന്ധതി തിരിഞ്ഞു നടന്നു. നടക്കുന്നതിനിടയില്‍ തന്റെ സീമന്തരേഖയിലെ സിന്ദൂരപ്പൊട്ട് ഇടം  കൈ  കൊണ്ട്  അരുന്ധതി  മായ്ച്ചു കളഞ്ഞു.  

                                                                     000

ആകാശവാണി കണ്ണൂര്‍ നിലയം 10.08.2006ന് യുവവാണിയില്‍ പ്രക്ഷേപണം ചെയ്ത കഥ

Monday, 30 July 2012

poem

                                          

                                       ക്ഷമാപണം

ക്ഷമ ചോദിക്കട്ടെ ഞാന്‍,

              നിന്റെ സ്വപ്നങ്ങളിലേക്ക് കടന്നു കയറിയതിന്
              അറിയാതെ നിന്റെ ഹൃദയത്തില്‍ തൊട്ടു പോയതിന് 
             മോഹക്കിളികളെ കൊടും വേനലിലേക്ക് ഉണര്‍ത്തി വിട്ടതിന്
             കോടമഞ്ഞിലും നിന്നെ തഴുകാത്തതിന് 
                         
             നിന്റെ മനസ്സിലെ തൂവെള്ള കടലാസ്സില്‍
              എന്റെ ഈറന്‍  കവിതകള്‍ കുറിച്ചു പോയതിന്  
              കണ്ണീരണിഞ്ഞിട്ടില്ലാത്ത നിന്റെ മിഴിയിണകളെ 
              തുലാവര്‍ഷ രാത്രികളാക്കിയതിന് 

              നിന്റെ  മനസ്സില്‍ മഴ പെയ്യിക്കാത്തതിന്  
              കണ്ണുകളോട് കഥ പറയാത്തതിന്
              നീ കൊതിച്ചതിലേറെ എന്നില്‍  തുളുമ്പുന്നുണ്ടായിരുന്നിട്ടും 
              എന്റെ  പ്രണയം നിനക്ക് പകരാത്തതിന് 

               ഒടുവില്‍ ഞാന്‍ തിരിച്ചിറങ്ങുമ്പോള്‍  മായ്ക്കാനേറെ ശ്രമിച്ചിട്ടും 
               എന്റെ പാദമുദ്രകള്‍ മാഞ്ഞു പോകാത്തതിന്........... 

ഒരിക്കല്‍ക്കൂടി ക്ഷമ ചോദിക്കട്ടെ ഞാന്‍.......
                                                                                                                                   07.08.2004
                                                                   000                                                               

poem

                                                            

                                    ചക്രവാളം       



             ഇത്  നിനക്കായി  ഞാന്‍ കുറിക്കുന്ന അവസാനത്തെ കവിത

             ഇത് നിനക്കായി ഞാന്‍ തരുന്ന ഒടുവിലത്തെ മിഴിപ്പാട്

             ഇത് നിന്നില്‍ നിന്നും ഞാന്‍ പറിച്ചെടുക്കുന്ന എന്റെ വ്രണിത ഹൃദയം

             ഇത് നിനക്ക് നേരേ വേദനയോടെ  അടക്കുന്ന മനസ്സിന്റെ കിളിവാതില്‍

             ഇത് വേഴാമ്പലിന്റെ ചുണ്ടിലൂടെ ഊര്‍ന്നു വീഴുന്ന  ഇറ്റു ദാഹജലം

             ഇത് ഗംഗയിലൊഴുക്കുന്ന നിന്റെ സ്വപ്നത്തിലെ മയില്‍പ്പീലിത്തുണ്ട്

             ഇത് കഴിഞ്ഞ് നിന്റെ നഷ്ട പ്രണയത്തിന്റെ സഞ്ചയനം

             ഇത് എന്റെ നോവുകളുടെ കൂട്ടത്തില്‍ ഏറ്റവും പുതിയത്

             നീ  ഈ ത്രിശങ്കു സ്വര്‍ഗ്ഗത്തിലെ പാരിജാതം .
                                                                                                                                      08.08.2004    

Wednesday, 25 July 2012

minikkadha

                                     കള്ളന്റെ സമ്മാനം

        "വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മണ്ണില്‍  കാല് കുത്തിയതും ഒരു കൂരിരുട്ടില്‍." അയാള്‍ വാച്ചിലേക്ക് നോക്കി .സമയം 9.55. "ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക്   പോയാല്‍  ഒരു പക്ഷെ ഓട്ടോ കിട്ടിയേക്കും "
    വലത് കൈയില്‍ നിന്നും പെട്ടി ഇടത് കൈയിലേക്ക് മാറ്റിക്കൊണ്ട്  അയാള് വേഗം നടന്നു.‍
  കളിച്ചു രസിച്ചു നടന്ന ബാല്യവും കൌമാരത്തിലെ പ്രണയസാമ്രാജ്യവും  അയാളുടെ  സ്മൃതി  മണ്ഡലത്തില്‍  കയറിയിറങ്ങി. ജീവനുതുല്യം    സ്നേഹിച്ച രാധ.....അവളുടെ  ചേട്ടന്മാരുടെ  കൈക്കരുത്ത്......ഒടുവില്‍  ഒരു  പാതിരാത്രിയില്‍  അവളുടെ   കല്യാണത്തലേന്ന് നാട് വിട്ടത് ..........
        "അനങ്ങിപ്പോകരുത്"  പിന്നില്‍  നിന്നും  ഉയര്‍ന്ന  ആ  ശബ്ദത്തിന്റെ മുഴക്കം   ഒരു  ചങ്ങലയായി  അയാളുടെ  കാലില്‍  വീണു .
         അയാള്‍  ചുറ്റും നോക്കി. വിജനമായ  പ്രദേശം.  കുറച്ചകലെ  ഒരു  കുടിലില്‍  നിന്നും   അരിച്ചു  വരുന്ന  പ്രകാശമേ  കാണാനുള്ളൂ.    മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും  ചന്ദ്രന്‍  മെല്ലെ  തല നീട്ടി. ആ  വെളിച്ചത്തില്‍  കഴുത്തിനു  നേരെ  നീണ്ടു  വന്ന  കത്തിയുടെ  തിളക്കം  അയാള്‍   കണ്ടു.
      "തുറക്കെടാ പെട്ടി"     വീണ്ടും  കള്ളന്റെ  ആജ്ഞ.
     അയാള്‍ പതിയെ പെട്ടി താഴെ വച്ചു പിന്നെ വിറയ്ക്കുന്ന  ശബ്ദത്തില്‍ പറഞ്ഞു. "പ്രിയപ്പെട്ട  കള്ളാ ... അഞ്ചുപത്ത്  കൊല്ലം  ഗള്‍ഫില്‍  കിടന്ന്‍  കഷ്ടപ്പെട്ടുണ്ടാക്കിയതാ .....എന്നെ  വീണ്ടും  നാട് കടത്തരുത് "
     പക്ഷെ  ആ  കാട്ടാളന്‍  അത്  കേട്ടില്ല. കത്തിയുടെ  വായ്ത്തല  അയാളുടെ    കഴുത്തോടടുപ്പിക്കുകയാണ്‌  കള്ളന്‍ ചെയ്തത്.
     തുറന്ന  പെട്ടിയിലേക്ക്  ആര്‍ത്തിയോടെ  നോക്കിയ കള്ളന്റെ  മുഖം  വിവര്‍ണമാകുന്നത്  അയാള്‍  കണ്ടു. "ഇതാരാ?" മുകളിലായി  കണ്ട  ഫോട്ടോയിലേക്ക്  നോക്കി   കള്ളന്റെ  ചോദ്യം. 
     "എന്റെ  കള്ളാ,  അത്  പണ്ട്  ഞാന്‍  സ്നേഹിച്ചിരുന്ന  പെണ്‍കുട്ടിയാ.....    ഇപ്പോള്‍  ആരുടെയോ  ഭാര്യയായി  സുഖമായി  കഴിയുന്നുണ്ടാവണം. എനിക്ക്  മറക്കാന്‍  പറ്റാത്തത്  കൊണ്ട്  സൂക്ഷിച്ചതാ   ഈ   ഫോട്ടോ ."
        കള്ളന്‍  ഗര്‍ജ്ജിച്ചു. "നടക്ക്." കത്തി  ഒന്ന് കൂടി  കഴുത്തില്‍  അമര്‍ന്നു.  കത്തിയുടെ  പ്രേരണയില്‍  മുന്നോട്ട് നടക്കുമ്പോള്‍  അയാള്‍  നിര്‍വികാരനായിരുന്നു .  അകലെയായി  കണ്ട  വെളിച്ചത്തിന്         മുന്നിലെത്തി  അവര്‍ നിന്നു.  കള്ളന്‍  വാതിലില്‍  മുട്ടി വിളിച്ചപ്പോള്‍  ഇറങ്ങിവന്ന  രൂപം  കണ്ട്  അയാള്‍  ഞെട്ടി. ക്ഷീണിച്ച്  എല്ലും  തോലുമായ  ഒരു  രൂപം ....തന്റെ  രാധ; കൂടെ  അതിലും  കഷ്ടമായി  രണ്ടു  കുട്ടികളും.
         സ്വപ്നത്തിലെന്നോണം   നിന്നുപോയ  അയാളെ  കള്ളന്‍  വീണ്ടും  ഉണര്‍ത്തി. "ഇതാ  നിങ്ങളുടെ  കാമുകി. ഇവള്‍ക്ക് കൂടി  വേണ്ടിയാ ഞാന്‍   കള്ളനായത്. എന്തായാലും  നിങ്ങള്‍  വന്നല്ലോ,  കൊണ്ടു  പൊയ്ക്കോള്ളൂ. ഇവളെ  കൊണ്ടു  പോകുമ്പോള്‍  രണ്ടു  കൊച്ചുങ്ങള്‍  ഫ്രീ ........"
            നനഞ്ഞ  കണ്ണുകളുമായി  കള്ളന്‍  അടുത്ത ഇര തേടി  നടന്നു. 
                                                                                                                  03.01.1998                   

Monday, 16 July 2012

song

                                                                          ഗാനം

                                                  ചന്ദ്രിക ചിരി തൂകും നേരമായി

                                                  നീലാമ്പല്‍ പൂക്കുന്ന യാമമായി

                                                   ദൂരത്ത്  രാപ്പാടി ഏകനായ് പാടുന്നു

                                                   ആര്‍ദ്രമാം അനുരാഗഗാനം


                                                   കാമുകനാം കുളിര്‍ കാറ്റിന്‍  തലോടലില്‍

                                                   അരിമുല്ല കോരിത്തരിച്ചു നില്‍ക്കെ

                                                   ജാലകവാതിലില്‍ ഒറ്റയ്ക്കിരിപ്പൂ ഞാന്‍

                                                   സ്വപ്നസഖീ നിന്‍ സ്മൃതികളോടെ


                                                   നിത്യം കിനാവില്‍ വരുന്നോരു സുന്ദരീ

                                                   എന്നുമെ‍ന്‍  രാവുകള്‍ ധന്യമാക്കാന്‍

                                                   എങ്ങു  വിടര്‍ന്നു  തുടുത്തു  നില്‍ക്കുന്നു  നീ  

                                                   എന്‍ സ്വപ്നവാടിയില്‍  മാത്രമാണോ




Monday, 9 July 2012

poem


                                                      മാറ്റം


എന്റെ   ചുണ്ടുകള്‍ കറുത്ത് തുടങ്ങിയപ്പോള്‍ നീയറിഞ്ഞു


ഞാന്‍ പുകവലി  ശീലമാക്കിയിരിക്കുന്നു


എന്റെ കാലുകള്‍ നിലത്തുറക്കാതായപ്പോള്‍  നീ  കണ്ടു


ഞാന്‍ മദ്യപനും കൂടിയായിരിക്കുന്നു


വാക്കുകള്‍ ഭാവം  പകര്‍ന്നപ്പോള്‍  നീ  സ്വയം പറഞ്ഞു


അവന്‍ മുരടനായി രിക്കുന്നു


കണ്ണുകള്‍ കുറുകിത്തുടങ്ങിയപ്പോള്‍ നീയറിഞ്ഞു


നിന്റെ സിരകളില്‍ ഞാന്‍ ഭയമായി കൂടുകൂട്ടുന്നു


വിയര്‍പ്പില്‍ നിന്നും  ദുര്‍ഗന്ധമുയര്‍ന്നപ്പോള്‍ നീ കണ്ടു


ഞാനാകെ ദുഷിച്ച് പോയിരിക്കുന്നു


എന്നിട്ടും ......


നീയെന്നെ വെറുക്കാതിരുന്നപ്പോള്‍ ഞാനറിഞ്ഞു


എന്റെ നെഞ്ചിടിപ്പിന് നിന്റെ നിശ്വാസത്തിന്റെ ‍താളമായിരുന്നു


ഹൃദയം നിറയെ നിന്റെ കണ്ണുനീരായിരുന്നു


                                                         000

Wednesday, 21 March 2012

പണ്ടൊക്കെ നമ്മള്‍ വലുതാകുവനായ് ആശിച്ചി രുന്നു കടലിനോളം

വലുതായിപ്പോയൊരു ദുഖവുമായിന്നലയുന്നു നാം അലകടല് പോലെ 

Friday, 17 February 2012

dears,
                           FOLLOW ME  ..............................  HOPE SOMETHING!                                       
                                                                  






                                                                                    HUMAN