Wednesday, 25 July 2012

minikkadha

                                     കള്ളന്റെ സമ്മാനം

        "വര്‍ഷങ്ങള്‍ക്ക് ശേഷം ഈ മണ്ണില്‍  കാല് കുത്തിയതും ഒരു കൂരിരുട്ടില്‍." അയാള്‍ വാച്ചിലേക്ക് നോക്കി .സമയം 9.55. "ഓട്ടോറിക്ഷ സ്റ്റാന്‍ഡിലേക്ക്   പോയാല്‍  ഒരു പക്ഷെ ഓട്ടോ കിട്ടിയേക്കും "
    വലത് കൈയില്‍ നിന്നും പെട്ടി ഇടത് കൈയിലേക്ക് മാറ്റിക്കൊണ്ട്  അയാള് വേഗം നടന്നു.‍
  കളിച്ചു രസിച്ചു നടന്ന ബാല്യവും കൌമാരത്തിലെ പ്രണയസാമ്രാജ്യവും  അയാളുടെ  സ്മൃതി  മണ്ഡലത്തില്‍  കയറിയിറങ്ങി. ജീവനുതുല്യം    സ്നേഹിച്ച രാധ.....അവളുടെ  ചേട്ടന്മാരുടെ  കൈക്കരുത്ത്......ഒടുവില്‍  ഒരു  പാതിരാത്രിയില്‍  അവളുടെ   കല്യാണത്തലേന്ന് നാട് വിട്ടത് ..........
        "അനങ്ങിപ്പോകരുത്"  പിന്നില്‍  നിന്നും  ഉയര്‍ന്ന  ആ  ശബ്ദത്തിന്റെ മുഴക്കം   ഒരു  ചങ്ങലയായി  അയാളുടെ  കാലില്‍  വീണു .
         അയാള്‍  ചുറ്റും നോക്കി. വിജനമായ  പ്രദേശം.  കുറച്ചകലെ  ഒരു  കുടിലില്‍  നിന്നും   അരിച്ചു  വരുന്ന  പ്രകാശമേ  കാണാനുള്ളൂ.    മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും  ചന്ദ്രന്‍  മെല്ലെ  തല നീട്ടി. ആ  വെളിച്ചത്തില്‍  കഴുത്തിനു  നേരെ  നീണ്ടു  വന്ന  കത്തിയുടെ  തിളക്കം  അയാള്‍   കണ്ടു.
      "തുറക്കെടാ പെട്ടി"     വീണ്ടും  കള്ളന്റെ  ആജ്ഞ.
     അയാള്‍ പതിയെ പെട്ടി താഴെ വച്ചു പിന്നെ വിറയ്ക്കുന്ന  ശബ്ദത്തില്‍ പറഞ്ഞു. "പ്രിയപ്പെട്ട  കള്ളാ ... അഞ്ചുപത്ത്  കൊല്ലം  ഗള്‍ഫില്‍  കിടന്ന്‍  കഷ്ടപ്പെട്ടുണ്ടാക്കിയതാ .....എന്നെ  വീണ്ടും  നാട് കടത്തരുത് "
     പക്ഷെ  ആ  കാട്ടാളന്‍  അത്  കേട്ടില്ല. കത്തിയുടെ  വായ്ത്തല  അയാളുടെ    കഴുത്തോടടുപ്പിക്കുകയാണ്‌  കള്ളന്‍ ചെയ്തത്.
     തുറന്ന  പെട്ടിയിലേക്ക്  ആര്‍ത്തിയോടെ  നോക്കിയ കള്ളന്റെ  മുഖം  വിവര്‍ണമാകുന്നത്  അയാള്‍  കണ്ടു. "ഇതാരാ?" മുകളിലായി  കണ്ട  ഫോട്ടോയിലേക്ക്  നോക്കി   കള്ളന്റെ  ചോദ്യം. 
     "എന്റെ  കള്ളാ,  അത്  പണ്ട്  ഞാന്‍  സ്നേഹിച്ചിരുന്ന  പെണ്‍കുട്ടിയാ.....    ഇപ്പോള്‍  ആരുടെയോ  ഭാര്യയായി  സുഖമായി  കഴിയുന്നുണ്ടാവണം. എനിക്ക്  മറക്കാന്‍  പറ്റാത്തത്  കൊണ്ട്  സൂക്ഷിച്ചതാ   ഈ   ഫോട്ടോ ."
        കള്ളന്‍  ഗര്‍ജ്ജിച്ചു. "നടക്ക്." കത്തി  ഒന്ന് കൂടി  കഴുത്തില്‍  അമര്‍ന്നു.  കത്തിയുടെ  പ്രേരണയില്‍  മുന്നോട്ട് നടക്കുമ്പോള്‍  അയാള്‍  നിര്‍വികാരനായിരുന്നു .  അകലെയായി  കണ്ട  വെളിച്ചത്തിന്         മുന്നിലെത്തി  അവര്‍ നിന്നു.  കള്ളന്‍  വാതിലില്‍  മുട്ടി വിളിച്ചപ്പോള്‍  ഇറങ്ങിവന്ന  രൂപം  കണ്ട്  അയാള്‍  ഞെട്ടി. ക്ഷീണിച്ച്  എല്ലും  തോലുമായ  ഒരു  രൂപം ....തന്റെ  രാധ; കൂടെ  അതിലും  കഷ്ടമായി  രണ്ടു  കുട്ടികളും.
         സ്വപ്നത്തിലെന്നോണം   നിന്നുപോയ  അയാളെ  കള്ളന്‍  വീണ്ടും  ഉണര്‍ത്തി. "ഇതാ  നിങ്ങളുടെ  കാമുകി. ഇവള്‍ക്ക് കൂടി  വേണ്ടിയാ ഞാന്‍   കള്ളനായത്. എന്തായാലും  നിങ്ങള്‍  വന്നല്ലോ,  കൊണ്ടു  പൊയ്ക്കോള്ളൂ. ഇവളെ  കൊണ്ടു  പോകുമ്പോള്‍  രണ്ടു  കൊച്ചുങ്ങള്‍  ഫ്രീ ........"
            നനഞ്ഞ  കണ്ണുകളുമായി  കള്ളന്‍  അടുത്ത ഇര തേടി  നടന്നു. 
                                                                                                                  03.01.1998                   

No comments:

Post a Comment